ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടർ ചർച്ചകളില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതൃത്വം. എൽഡിഎഫ് സർക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തിൽ ദില്ലിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തരൂർ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന.
പാർട്ടിയിൽ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂർ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തൽക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം. പാർലമെൻറിലും മറ്റ് എംപിമാർക്ക് നൽകുന്ന പരിഗണന മാത്രമേ നൽകുകയുള്ളു. ഈ സാഹചര്യത്തിൽ തരൂരിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാകും. തന്നെ കോൺഗ്രസ് നേതൃത്വം വളഞ്ഞിട്ടാക്രമിക്കുന്നതിലേക്ക് എത്തിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ തരൂർ വ്യക്തമാക്കിയുന്നു. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു.
പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകളെടുത്തെങ്കിലും തരൂരിനെതിരെ തുടക്കത്തില്‍ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വ്യാജ കണക്കുകള്‍ ഉദ്ധരിച്ച് ലേഖനം തയ്യാറാക്കിയെന്ന കുറ്റപത്രവും തരൂരിന് മേൽ ചാര്‍ത്തി. കെപിസിസി അധ്യക്ഷന്‍ കൂടി നിലപാട് കടുപ്പിച്ചതോടെ തരൂര്‍ ഒറ്റപ്പെടുകയും ഒടുവില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് എത്തുകയുമായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop